ശരീരത്തിൽ കുടുങ്ങിയ സർജിക്കൽ വയർ ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ലെന്ന് ആരോഗ്യവകുപ്പിന്റെ വാദം തള്ളി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ.റിപ്പോർട്ടിൽ ആരോഗ്യ വകുപ്പ് പറയുന്നത് പച്ചക്കള്ളം. ആരോഗ്യപ്രശ്നങ്ങൾ മൂലം തനിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എല്ലാം ശരിയാകുന്നതുവരെ ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അവസാനം കൈ ഒഴിഞ്ഞെന്നും സുമയ്യ വ്യക്തമാക്കി.
തുടർച്ചയായ ആരോഗ്യ പ്രശ്നങ്ങൾ കാരണം അതെ ഡോക്ടറെ കാണാൻ താൻ പല തവണ പോയിരുന്നു.ആദ്യം കീഹോൾ സർജറി വഴി ട്യൂബ് എടുക്കാം എന്നാണ് പറഞ്ഞത്. സിറ്റി സ്കാൻ റിപ്പോർട്ട് വന്നപ്പോൾ ട്യൂബ് പുറത്തെടുക്കാൻ പറ്റാത്ത സ്ഥിതി എന്ന് പറഞ്ഞു. 2025 ൽ എടുത്ത സ്കാനിങ്ങിലാണ് ട്യൂബ് ഇരുന്ന സ്ഥലത്ത് ഒട്ടിയിരിക്കുകയാണ് എന്ന് പറഞ്ഞത്. പിന്നീട് ഇത് ചലിക്കുന്നുണ്ടോ എന്നറിയാൻ എക്സറേ എടുക്കാം എന്നും ഡോക്ടർ പറഞ്ഞിരുന്നുവെന്നും സുമയ്യ പ്രതികരിച്ചു.
ഡോക്ടർ ആദ്യം ആരോടും പറയണ്ട എല്ലാം ശെരിയാക്കി തരാം എന്നാണ് പറഞ്ഞത്. എല്ലാ ദിവസവും ഡോക്ടർ തന്നെ വിളിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.
അതേസമയം, പരാതി കിട്ടും മുന്നേ അന്വേഷണം നടത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 2025 ഏപ്രിൽ മാസം വിദഗ്ധസമിതി രൂപീകരിച്ചു. 2025 ഏപ്രിലിൽ ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ അഭിപ്രായം തേടി. ട്യൂബ് നെഞ്ചിൽ ഉള്ളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ടു ലഭിച്ചതായാണ് ആരോഗ്യവകുപ്പിന്റെ വിചിത്രവാദം. പരാതി ലഭിച്ചാൽ വിദഗ്ധസമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ഇതിനിടെ ചികിത്സ പിഴവ് സമ്മതിച്ചുകൊണ്ട് ഡോക്ടർ രാജീവ് കുമാർ സുമയ്യയുടെ ബന്ധുവിനോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.
മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളൊന്നും ഡോക്ടർ വിശദീകരിക്കുന്നു. 2023 ൽ നടത്തിയ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് ട്യൂബുമായി സുമയ്യ ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചത് രണ്ടു വർഷത്തിലധികമാണ്. ശ്വാസം മുട്ടൽ കടുത്തതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എക്സ് റേ എടുത്തപ്പോഴാണ് ട്യൂബ് കുടുങ്ങിയ കാര്യം കണ്ടെത്തുന്നത്. ഡോ.രാജീവ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ഗൈഡ് ട്യൂബ് രക്തകുഴലുമായി ഒട്ടിയെന്നും,തിരിച്ചെടുക്കുന്നത് ജീവന് തന്നെ അപകടമുണ്ടാക്കുന്ന കാര്യമാണെന്നും ഉറപ്പിക്കുന്നത്. ശ്രീചിത്രയിലെ ചികിത്സയ്ക്ക് രാജീവ് കുമാർ പണം അയച്ചു നൽകിയതിന്റെ തെളിവും പുറത്തു വന്നു.