ദില്ലി: രാജ്യത്ത് പല തെരഞ്ഞെടുപ്പുകളിലായി നടന്ന അട്ടിമറിയുടെ കൂടുതൽ തെളിവുകൾ വൈകാതെ പുറത്തുവിടുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ വോട്ടർ അധികാർ യാത്രയുടെ ഭാഗമായ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും നടന്ന വോട്ടുമോഷണത്തിൻ്റെ വിവരങ്ങളാണ് ഉടൻ പുറത്തുവിടുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വോട്ട് കള്ളനെന്ന് വിളിച്ച രാഹുൽ ഗാന്ധി, ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഒരു സമ്പന്നൻ പോലുമില്ലെന്നും ചൂണ്ടിക്കാട്ടി
വോട്ടധികാരം നഷ്ടപ്പെടുന്നതിന് പിന്നാലെ രാജ്യത്തെ പൗരന്മാർക്ക് റേഷൻ കാർഡും ഇല്ലാതാകുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. റേഷൻ കാർഡിന് പിന്നാലെ ഭൂമിയും നഷ്ടമാകും. ജനത്തെ പാപ്പരാക്കിയ ശേഷം ഭൂമി പിടിച്ചെടുത്ത് അദാനിക്കും അംബാനിക്കും നൽകും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തട്ടിപ്പ് തങ്ങൾ കൈയ്യോടെ പിടികൂടി. ബിഹാറിലെ വോട്ടർ അധികാർ യാത്ര ഈ വോട്ട് തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ളതാണ്. ബിഹാറിൽ ഈ തട്ടിപ്പിന് കോൺഗ്രസ് അടങ്ങുന്ന ഇന്ത്യ സഖ്യം അവസരം നൽകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് കള്ളൻ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി എത്ര പ്രതിഷേധിച്ചാലും അത് പറഞ്ഞുകൊണ്ടിരിക്കും. വോട്ട് മോഷ്ടിച്ച് തന്നെയാണ് മോദിയും ബിജെപിയും തുടർച്ചയായി അധികാരത്തിൽ വരുന്നത്. വോട്ടർ അധികാർ യാത്രക്കെത്തിയ കൊച്ചു കുട്ടികൾ പോലും മോദി വോട്ടു കള്ളനാണെന്ന് തൻ്റെ ചെവിയിൽ പറഞ്ഞു. കർണ്ണാടകത്തിലെ വിവരങ്ങൾ മനസിലാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണ ആരോപണം ശക്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിലെയും ,ഹരിയാന തെരഞ്ഞെടുപ്പിലെയും വോട്ട് മോഷണ വിവരങ്ങളടക്കം ബാക്കി തെളിവുകൾ ഉടനെ പുറത്തുവിടും. പുറത്ത് വരാനിരിക്കുന്ന വിവരങ്ങളും സമാന സ്വഭാവമുള്ളത്. മോദി തെരഞ്ഞെടുപ്പ് ജയിച്ചത് വോട്ട് മോഷ്‌ടിച്ച് തന്നെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.