ഇംഗ്ലണ്ട് പരമ്പരക്കുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ്

ഇംഗ്ലണ്ട് പരമ്പരക്കായുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇവരെ ഒഴിവാക്കിയാകും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. പിന്നീട് കോവിഡ് നെഗറ്റീവായാല്‍ ഇവര്‍ക്ക് ടീമിനൊപ്പം ചേരാമെന്നും പി.സി.ബി ചീഫ് എക്‌സിക്യൂട്ടീവ് വസിംഖാന്‍ പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരക്കായി 18 കളിക്കാരാണ് ഞായറാഴ്ച്ച പാകിസ്താനില്‍ നിന്നും തിരിക്കുക. ഇംഗ്ലണ്ടില്‍ 14 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാകും സംഘം പരിശീലനം ആരംഭിക്കുക. ഇംഗ്ലണ്ടിലെത്തിയതിന് ശേഷവും നിശ്ചിത ഇടവേളകളിലും കളിക്കാര്‍ക്ക് കോവിഡ് പരിശോധനയും ഉണ്ടാകും. ഹൈദര്‍ അലി, ഫഖര്‍ സമന്‍, മുഹമ്മജ് റിസ്‌വാന്‍, ഷദാബ്ഖാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, കാഷിഫ് ഭാട്ടി, വഹാബ് റിയാസ്, ഇംറാന്‍ ഖാന്‍, മുഹമ്മദ് ഹഫീസ് എന്നീ താരങ്ങള്‍ക്കാണ്‍ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം നേരത്തെ പോസിറ്റീവായ ആറ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതിയ ടെസ്റ്റില്‍ നെഗറ്റീവ് ഫലം വന്നതായി ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. മുഹമ്മദ് ഹസ്‌നെയ്ന്‍, ഷദാബ്ഖാന്‍, ഫഖര്‍ സമന്‍, മുഹമ്മജ് റിസ്‌വാന്‍, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവായിരിക്കുന്നത്. ഇവര്‍ക്ക് ഒരു നെഗറ്റീവ് ഫലം കൂടി ലഭിച്ചാലേ ടീമിനൊപ്പം ചേരാനാകൂ.

കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ക്ക് മതിയായ പരിചരണം ഒരുക്കുന്നില്ലെന്ന ആരോപണം മുന്‍ പാക് താരം ഇന്‍സമാം ഉള്‍ഹഖ് ഉന്നയിച്ചിട്ടുണ്ട്. ഇന്‍സമാമിന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ആരോപണം. വൈദ്യസഹായത്തിനായുള്ള കളിക്കാരുടെ കോളുകള്‍ പോലും രണ്ട് ദിവസമായി പി.സി.ബി മെഡിക്കല്‍ സ്റ്റാഫ് എടുക്കുന്നില്ലെന്നാണ് ഇന്‍സമാം ആരോപിച്ചത്. കളിക്കാരെ ഈ വിഷമഘട്ടത്തില്‍ പിന്തുണക്കുകയാണ് ബോര്‍ഡ് ചെയ്യേണ്ടതെന്നും ഇന്‍സി ഓര്‍മ്മിപ്പിച്ചു.