ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്സിഡി തുകയുടെ വരവുനിലച്ചു

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി സബ്സിഡിത്തുക വരുന്നില്ല. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡിത്തുക ‘പൂജ്യ’മായത്. ഫലത്തിൽ സബ്സിഡിയുള്ളവരും ഇല്ലാത്തവരും ഒരേ വിലയാണു നൽകുന്നത്.

കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. കൊച്ചിയിൽ കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 601 രൂപയിലാണ്. ദൂരപരിധിയനുസരിച്ച് മറ്റു പ്രദേശങ്ങളിൽ വ്യത്യാസമുണ്ടാകും.

ഇന്ത്യയിൽ പാചകവാതകവില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (ഐ.പി.പി.). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷുറൻസ്, തുറമുഖക്കൂലി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെയാണ്. ഇതിനുപുറമേ ബോട്ടിലിങ് ചാർജ്, ഡീലർ കമ്മിഷൻ ജി.എസ്.ടി. എന്നിവയും ഉൾപ്പെടുന്നു.

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചകവാതകത്തെ നേരിട്ടു ബാധിക്കും. ഇതിനാൽ ഓരോ മാസത്തിന്റെയും തുടക്കത്തിൽത്തന്നെ എണ്ണക്കമ്പനികൾ പാചകവാതക വില നിശ്ചയിക്കും. ഇക്കാരണത്താൽ സർക്കാർ പ്രതിമാസമാണ് സബ്സിഡിത്തുക നിശ്ചയിക്കുക.

പാചകവാതകവില നിശ്ചയിക്കുന്നതിലെ മറ്റു മാനദണ്ഡങ്ങൾ ‘രഹസ്യാത്മക’മാണെന്നാണ് എണ്ണക്കമ്പനി അധികൃതർ പറയുന്നത്. ജൂൺ മുതൽ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇതേ വിലയിലേക്ക് സബ്സിഡിയില്ലാത്ത പാചകവാതക വിലയും എത്തിയതോടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതിയനുസരിച്ച് സബ്സിഡിത്തുക ‘പൂജ്യം’ ആയെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. സബ്സിഡിയുള്ള പാചകവാതകത്തിന് ഒരുവർഷംകൊണ്ട് പടിപടിയായി നൂറുരൂപയോളം കൂട്ടിയിരുന്നു.

കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന്റെ വില ഏപ്രിലിൽ കുറച്ചിരുന്നു. ഇതോടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 850.50 രൂപവരെയായിരുന്ന കൊച്ചിയിലെ വില ഏപ്രിലിൽ 734 രൂപയായി. ഇതു പടിപടിയായി കുറഞ്ഞാണ് ഇപ്പോൾ 601-ൽ തുടരുന്നത്.