ഇന്റർനെറ്റ് എന്ന സമാന്തര ലോകത്ത് ഇന്ന് മനുഷ്യന് സാധ്യമാകാത്തതൊന്നുമില്ല. സ്റ്റീഫൻ ഹോക്കിങ്ങിന്റെ വാക്കുകൾ കടമെടുത്താൽ തലച്ചോറിനകത്തെ ന്യൂറോണുകൾ പരസ്പരം ആശയം കൈമാറുന്നതു പോലെ ലോകം ഇന്ന് ഇന്റർനെറ്റിലൂടെ വിവരങ്ങൾ കൈമാറി സാങ്കേതികതയ്ക്കും ഒരു ജൈവിക മാനം നൽകിയിരിക്കുകയാണ്.
ആരോഗ്യ കാർഷിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലുൾപ്പെടെ സകല മേഖലകളും ഇന്റർനെറ്റിനെ ആശ്രയിച്ചാണ് ഇന്ന് നിലനിൽക്കുന്നത്. കോവിഡ് കാലത്ത് സമൂഹത്തിന്റെ ഗതിവിഗതികൾ നിർണയിച്ചതും ഈ വിവരസാങ്കേതികത തന്നെ. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിവേഗ ഇന്റർനെറ്റ് കുറഞ്ഞ ചിലവിൽ എല്ലാവർക്കും നൽകുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയവുമാണ്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ ഇന്റർനെറ്റ് എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ നവീന പദ്ധതി ആണ് കെ ഫോൺ. സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. അതിനായി സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നുണ്ട്. അതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,00ത്തോളം ഓഫീസുകളിലുമെത്തിക്കും.