കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ തുടർനടപടികൾ ഉടനില്ല. ധനമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോൾ പരിശോധനയും തുടര്‍ നടപടികളും മയപ്പെടുത്താനുള്ള നീക്കത്തിലാണ് വിജിലൻസ്. പരിശോധന നടത്താൻ അവകാശം വിജിലൻസിനുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും പരിശോധനക്കിറങ്ങിയ വിജിലൻസിന്‍റെ രീതികളിൽ കടുത്ത വിമര്‍ശനമാണ് ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ സാഹചര്യത്തിൽ തല്ക്കാലം ഉടൻ നടപടി വേണ്ടെന്ന നിർദേശമാണ് ഉള്ളത്.
വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെ നടന്ന മിന്നൽ പരിശോധനയിൽ സർക്കാരിന് കടുത്ത അതൃപ്തിയാണുള്ളത്. റെയ്ഡിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ധനവകുപ്പിനും ആക്ഷേപമുണ്ട്.
റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയാകുന്നതിന് മുൻപ് തന്നെ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് നിലപാടെടുത്തതാണ് സർക്കാരിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. അതേസമയം പരിശോധന വിവരങ്ങൾ സര്‍ക്കാരിനെ അറിയിക്കും മുൻപ് മാധ്യമങ്ങളിൽ വാര്‍ത്ത നൽകിയതെങ്ങനെ എന്ന വിര്‍ശനമാണ് ധനമന്ത്രി ഉന്നയിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ അവധിയിലായിരിക്കെ ഐജിയുടെ നേതൃത്വത്തിലാണ് സർക്കാർ സ്ഥാപനത്തിൽ റെയ്ഡ് നടന്നത്. അതീവ രഹസ്യ സ്വഭാവത്തിൽ നടന്ന റെയ്ഡിനെ കുറിച്ച് ആഭ്യന്തര വകുപ്പിന് പോലും അറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോൾ തന്നെ തുടർ നടപടികൾ നിർത്തിവെക്കാൻ വിജിലൻസിന് ഉന്നതതല നിർദേശം ലഭിച്ചിരുന്നു. റെയ്ഡ് ആരംഭിച്ചതിനാൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പിൻവാങ്ങാനായിരുന്നു നിർദ്ദേശം. റെയ്ഡിനെതിരെ ധനകാര്യ മന്ത്രിയും രംഗത്തെത്തിയിരുന്നു.
തൽക്കാലം ഉടൻ നടപടി വേണ്ടെന്ന നിർദേശമുള്ളതിനാൽ രേഖകളുടെ വിശദമായ പരിശോധന ഒഴിവാക്കും. റെയ്ഡുമായി ബന്ധപ്പെട്ട വസ്തുത വിവര റിപ്പോർട്ട് മാത്രമായിരിക്കും വിജിലൻസ് സർക്കാരിന് കൈമാറുക. വിജിലൻസ് ആസ്ഥാനത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി എന്നായിരിക്കും റിപ്പോർട്ടിലെ വിജിലൻസ് വിശദീകരണം. ഗുരുതര ക്രമക്കേട് സംബന്ധിച്ച പരാമർശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയേക്കില്ല. ധനകാര്യ വകുപ്പാകട്ടെ ചിട്ടി നടത്തിപ്പില്‍ ക്രമക്കേടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. കെഎസ്എഫ്ഇ പണം സ്വീകരിക്കുന്നത് നിയമപ്രകാരമാണ്. നിക്ഷേപകരുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ട ബാധ്യത കെഎസ്എഫ്ഇക്കില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.
റെയ്ഡില്‍ കണ്ടെത്താത്ത വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നുവെന്നും ഇതിന് പിന്നില്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥ തല ഗൂഢാലോചനയാണെന്നും ധനവകുപ്പ് ഉറച്ച് വിശ്വസിക്കുന്നു. ആര്‍എസ്എസ് താല്‍പര്യപ്രകാരമുള്ള രാഷ്ട്രീയ നീക്കങ്ങളും ഇതിന് പിന്നിലുള്ളതായി ധനവകുപ്പ് സംശയിക്കുന്നു.