കേരള സർക്കാറിന്റെ ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപറേഷൻ കിറ്റ് ക്ലീൻ എന്ന മിന്നൽ പരിശോധനയിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്.

500 രൂപയുടെ സാധനങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന കിറ്റിൽ അത്രയും തുകയ്ക്കുള്ള സാധനങ്ങളില്ലെന്നും ചില സാധനങ്ങൾക്ക് നിർദിഷ്ട തൂക്കമില്ലെന്നും പല സാധനങ്ങളിലും ഉൽപാദന തീയതിയും കാലാവധിയും രേഖപ്പെടുത്തിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

കിറ്റിന്റെ ഗുണ നിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. ഓപറേഷൻ ക്ലീൻ കിറ്റെന്ന പേരിൽ സംസ്ഥാന വ്യാപകമായി ഇന്നലെ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരും. പാക്കിംഗ് സ്‌റ്റോറുകളിലും മാവേലി സ്‌റ്റോറുകളിലും റേഷൻ കടകളിലും നടത്തിയ പരി ശോധനയിലാണ് ക്രമേക്കേട് കണ്ടെത്തിയത്.
വിതരണം തുടങ്ങിയ ശേഷം കിറ്റിനെക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. 400 നും 490 രൂപയ്ക്കുമിടക്കുള്ള സാധനങ്ങളാണ് പല കിറ്റിലുമുള്ളത്.