ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി, ട്രൂ കോളര്‍ ഉള്‍പ്പെടെ 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാന്‍ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ജൂലൈ 15നുള്ളില്‍ മൊബൈലില്‍ നിന്ന് ഇവ ഉപേക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. രാജ്യസുരക്ഷയും വ്യക്തിവിവരങ്ങളുടെ ചോര്‍ച്ചയും തടയാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് പുറമെ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നു.
വാട്‌സാപ്പ് വഴി ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന് കഴിഞ്ഞ നവംബറില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഫേസ്ബുക്ക് ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്രയധികം ആപ്പുകള്‍ക്ക് ഒറ്റയടിക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.