അടുത്ത ഉന്നം ക്യൂബയോ? അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിലായിരിക്കുമെന്ന് ട്രംപ്

ഇറാന്‍ യുദ്ധത്തിനുശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇറാന്‍ യുദ്ധം ആദ്യം പൂര്‍ത്തിയാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് (ക്യൂബ) സമയത്തിന്റെ ഒരു പ്രശ്നം മാത്രമായിരിക്കും – ട്രംപ് പറഞ്ഞു. ഇന്റര്‍ മിയാമി ഫുട്ബോള്‍ ക്ലബ്ബിന്റെ ആഘോഷ പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപും സഖ്യകക്ഷികളും ഹവാനയെ നിരന്തരം ഭീഷണിപ്പെടുത്തുകയും സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്യൂബന്‍ ഭരണകൂടം അമേരിക്കയുമായി ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും താത്പര്യം കാണിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ക്യൂബ ഒരു കരാറിനായി അത്രമേല്‍ ആഗ്രഹിക്കുന്നുവെന്നും അമേരിക്കയിലുള്ള ക്യൂബന്‍ വംശജര്‍ക്ക് ഒടുവില്‍ തങ്ങളുടെ ദ്വീപിലേക്ക് തന്നെ മടങ്ങാന്‍ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.