കല്‍പ്പറ്റ നഗരസഭയിലെ 7 വാര്‍ഡുകള്‍ക്ക് പുറമെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
കോവിഡ് രോഗി ഇറങ്ങി നടന്നതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ പൂര്‍ണ്ണമായി അടഞ്ഞു കിടക്കുകയാണ്. ഇതിനു പുറമയാണിപ്പോള്‍ മേപ്പാടി പഞ്ചായത്തിലെ 19, 22 വാര്‍ഡുകള്‍ കൂടി അടച്ചിടുന്നത്. കുന്നംപറ്റ , കോട്ടവയല്‍ പ്രദേശങ്ങളിലാണ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത്. ജില്ലയില്‍ കഴിഞ്ഞ ദിവസം 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണിത്.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിലും സമ്പര്‍ക്ക രോഗികള്‍ കൂടുന്നതിലും ആരോഗ്യ വകുപ്പിനും ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ആസ്ഥാനം പൂര്‍ണ്ണമായും നിശ്ചലമായി. കല്‍പ്പറ്റ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്.