കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച്ച മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ രോഗമുക്തി നേടി. ജൂലൈ 3ന് കുവൈത്തില്‍ നിന്ന് കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മീനങ്ങാടി സ്വദേശിയായ 40കാരി, അന്നുതന്നെ സൗദി അറേബ്യയില്‍ നിന്ന് കണ്ണൂരിലെത്തിയ കല്‍പ്പറ്റ സ്വദേശിയായ 28കാരന്‍, ജൂണ്‍ 20 ന് ഹൈദരാബാദില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ കേണിച്ചിറ സ്വദേശിയായ 42കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനി മാനന്തവാടി ജില്ലാ അശുപത്രിയിലും കല്‍പ്പറ്റ സ്വദേശി കണ്ണൂര്‍ കൊവിഡ് ആശുപത്രിയിലും കേണിച്ചിറ സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികില്‍സയിലുളളത്. കേണിച്ചിറ സ്വദേശിക്ക് പാലക്കാട് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച്ച നാല് പേരാണ് രോഗമുക്തി നേടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കയ്യൂന്നി സ്വദേശിയായ 37കാരന്‍, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വടുവന്‍ചാല്‍ സ്വദേശിയായ 50 കാരന്‍, എരുമാട് കയ്യൂന്നി സ്വദേശിയായ 53 കാരന്‍, മാനന്തവാടി സ്വദേശിയായ 45 കാരി എന്നിവരാണ് രോഗമുക്തരായത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 39 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരത്തും രണ്ട് പേര്‍ കണ്ണൂരിലും ചികില്‍സയിലുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് 19 പോസിറ്റീവായത് 119 പേര്‍ക്കാണ്.