ബർത്ത് ഡേ ബോയ് എം.എസ് ധോനിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനിടെ മുൻ ഇന്ത്യൻ നായകന് വേറിട്ടൊരു ബർത്ത് ഡേ സമ്മാനമാണ് ക്രിക്കറ്റ് ആസ്ത്രേലിയ ഒരുക്കിയത്. അസ്ത്രേലിയൻ മണ്ണിൽ ധോനി പറത്തി വിട്ട മനോഹരങ്ങളായ സിക്സറുകളുടെ ശേഖരമാണ് ധോനിക്കായി ഓസീസ് സമ്മാനിച്ചത്. ക്രിക്കറ്റ് ആസ്ത്രേലിയയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ച ഹിറ്റർമാരിൽ ഒരാൾ എന്ന തലക്കെട്ടോടെയായിരുന്നു എം.എസ്.ഡിക്കുള്ള ആശംസ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകമാണ് വീഡിയോ വെെറലായത്.
മൂന്ന് ഫോർമാറ്റിലുമായി ആസ്ത്രേലിയക്കെതിരെ 91 മത്സരങ്ങൾ കളിച്ച ധോനി, 40.58 ശരാശരിയിൽ 2,963 റൺസാണ് അടിച്ചു കൂട്ടിയത്. 110 ക്യാച്ചുകളും 38 സ്റ്റംപിങ്ങും ഓസീസിനെതിരെ ധോനി നേടിയിട്ടുണ്ട്. മുൻ ഇന്ത്യൻ നായകന്റെ മുപ്പതി ഒൻപതാം പിറന്നാളായിരുന്നു ഇന്ന്.