രാജ്യം കൊവിഡ് മുക്തമായതു കൊണ്ട് ഐപിഎൽ നടത്താമെന്നറിയിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്

ഐപിഎൽ നടത്താമെന്നറിയിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്. രാജ്യം കൊവിഡ് മുക്തമായതു കൊണ്ട് തന്നെ മറ്റ് ഏത് രാജ്യത്തുവച്ച് ലീഗ് നടത്തുന്നതിനെക്കാൾ സുരക്ഷിതത്വം ന്യൂസീലൻഡീന് ഉറപ്പിക്കാനാവും. അങ്ങനെയൊരു സാഹചര്യത്തിൽ ന്യൂസീലൻഡിന്റെ വാഗ്ധാനം ബിസിസിഐ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് കൊവിഡ് കേസുകൾ അധികരിക്കുന്നതു കൊണ്ട് തന്നെ ഐപിഎൽ ഇന്ത്യക്ക് പുറത്ത് നടത്തിയേക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ശ്രീലങ്കയും യുഎഇയും ലീഗ് നടത്താമെന്ന് അറിയിച്ചതോടെ ഈ രാജ്യങ്ങളിൽ ഏതെങ്കിലും പരിഗണിക്കാമെന്നും ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് ന്യൂസീലൻഡും ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ചത്.

T-20 ലോകകപ്പിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിലും അല്ലെങ്കിലും വേദിയും സൗകര്യവും ലഭ്യമാവുന്നതിന് അനുസരിച്ച് ലീഗ് നടത്താനാണ് ആലോചന. വേദി ഏതായാലും ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് സുരക്ഷിതമായി കളിക്കാൻ കഴിയുന്ന സ്ഥലമാവണം എന്നതാണ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഇന്ത്യയിൽ അതിനുള്ള സാഹചര്യം ഇല്ലെന്നും ബിസിസിഐ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *