സംസ്ഥാനത്ത് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 131 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം 131 പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. ഇത് തുടര്‍ച്ചയായ 13ാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 81 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജൂണ്‍ 27ന് കോഴിക്കോട് നടക്കാവ് ആത്മഹത്യ ചെയ്ത കൃഷ്ണന്റെ സ്രവ പരിശോധനാ ഫലം പോസിറ്റീവായി

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശ്ശൂര്‍ 18, എറണാകുളം 12, കാസര്‍കോട് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3, കോട്ടയം 4, ഇടുക്കി 1

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകും 1, തൃശ്ശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16

കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. സംസ്ഥാനത്ത് ഇതുവരെ 4593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2130 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 187219 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 2831 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.