കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; ആദ്യ പരിശോധന നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല. ആദ്യ പരിശോധനാ ഫലം നെഗറ്റീവായാല്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യാം

ഐസിഎംആറും ലോകാരോഗ്യ സംഘടനയും പ്രോട്ടോക്കോളില്‍ നേരത്തെ തന്നെ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനം ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താനാണ് തീരുമാനം

കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ പല വിഭാഗങ്ങളായി തിരിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനക്ക് വിധേയമാക്കും. ആദ്യ ഫലം നെഗറ്റീവായാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യും. മൂന്ന് ദിവസം കൂടി രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരിയ ലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും

കൊവിഡിനൊപ്പം മറ്റ് രോഗങ്ങള്‍ ഉള്ളവരെ പതിനാലാം ദിവസം പരിശോധനക്ക് വിധേയരാക്കും. ഫലം നെഗറ്റീവായാല്‍ രോഗാവസ്ഥകള്‍ കൂടി പരിഗണിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ തീരുമാനമെടുക്കും. ഡിസ്ചാര്‍ജിന് ശേഷം 14 ദിവസം ക്വാറന്റൈന്‍ വേണമെന്ന നിബന്ധന ഒഴിവാക്കി. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്പര്‍ക്കവും ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം