തിരുവനന്തപുരം: 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന ഫൈബർ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എൻഎൽ. എത്തിയിരിക്കുന്നത്. നവംബർ 14 മുതൽ പ്ലാൻ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കൾക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി പ്രമോഷനൽ ഓഫറായാണ് നൽകുന്നത്.
തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാൻ നവംബർ 14 മുതൽ എല്ലായിടത്തും ലഭിക്കും. 6 മാസം കഴിയുമ്പോൾ 599 രൂപയുടെ പ്ലാനിലേക്കു മാറും. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒഴികെ ബിഎസ്‌എൻഎല്ലിന്റെ ഫൈബർ ബേസിക് പ്ലസ് പ്ലാൻ രാജ്യത്തുടനീളം ലഭ്യമാണ്. ഈ ഓഫർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാനും കഴിയും.
ഏറ്റവും പുതിയ പ്ലാനുകൾ ബിഎസ്‌എൻഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പുതിയ ഫൈബർ ബേസിക് പ്ലസ് പ്ലാൻ ദീർഘകാല പാക്കേജുകളിൽ ലഭ്യമാകില്ലെന്നാണ് തോന്നുന്നത്. ഇത് ഉപയോഗിക്കുന്നതിന് നിങ്ങൾ പ്രതിമാസ ഓഫർ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതേ പ്ലാനുകൾ നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കും ഈ പ്ലാൻ ലഭിക്കും.