മത്സ്യവിപണന സ്ത്രീ തൊഴിലാളികൾക്കായി സമുദ്ര എന്ന പേരിൽ സൗജന്യ ബസ് സർവ്വീസ് ഇന്ന് ആരംഭിച്ചു. മത്സ്യവിപണന മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, ഇവർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.
മത്സ്യവിപണത്തെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകൾക്ക് സ്ഥിരമായി പൊതുഗതാഗതത്തെ ആശ്രയിക്കുകയെന്നത് പ്രയോഗികമല്ല. പുലർച്ചയാണ് മത്സ്യ ഹാർബറിൽ എത്തേണ്ടി വരികയെന്നതും മത്സ്യവട്ടകയുമായി ബസിൽ കയറേണ്ടി വരുമ്പോഴുണ്ടാകുന്ന തർക്കങ്ങളും ടാക്‌സി സർവ്വീസ് ആശ്രയിക്കുമ്പോഴുണ്ടാകുന്ന പണച്ചെലവും ഇവർക്ക് മുന്നിലെ പ്രതിസന്ധികളാണ്. ഈ പ്രശ്‌നങ്ങൾക്കാണ് സൗജന്യ ബസ് സർവ്വീസിലൂടെ പരിഹാരമാവുന്നത്.
ഫിഷറീസ് വകുപ്പും, കെ. എസ്. ആർ. ടി. സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 3 ലോഫ്‌ളോർ ബസുകൾ കെ.എസ്.ആർ.ടി.സി അനുവദിച്ചിട്ടുണ്ട്. ഫിഷിംഗ് ഹാർബറുകളിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്കാണ് ബസുകൾ സർവ്വീസ് നടത്തുക. മുൻകൂട്ടി തീരുമാനിച്ച റൂട്ടിലായിരിക്കും സർവ്വീസുകൾ. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയ വേളയിൽ പരമാവധി 2 സർവ്വീസുകളാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
24 പേർക്ക് യാത്രാ സൗകര്യം, അവരുടെ മൽസ്യ വട്ടകകൾ സൗകര്യ പ്രദമായി പുറത്തുനിന്നു തന്നെ ലോഡ് ചെയ്യാവുന്ന റോൾ പ്ലാറ്റ് ഫാം, ക്യാമറയിലുടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക് സിസ്റ്റം എന്നീ സൗകര്യങ്ങളോടു കൂടിയതാണ് ബസുകൾ. മത്സ്യതൊഴിലാളി വനിതകളുടെ തൊഴിൽ ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പദ്ധതി വളരെയധികം പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തനം മാതൃകയാക്കി വരും വർഷങ്ങളിൽ കൂടുതൽ ജില്ലകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.