‘രാഹുൽ പാർട്ടിക്ക് പുറത്താണ്, പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല’; അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ പാർട്ടിക്ക് പുറത്താണ്. പിന്നെ പ്രചാരണത്തിന് ഇറങ്ങുന്നത് ശെരിയല്ല. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് പുറത്തുവന്ന പുതിയ തെളിവുകൾ. ഇരയായ പെൺകുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്നതിനൊപ്പം ക്രൂരമായി അധിക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ വീണ്ടും പുറത്തുവന്നിരുന്നു. പെൺകുട്ടി വൈകാരികമായപ്പോൾ നാടകം കളിക്കരുതെന്നാണ് രാഹുൽ പരിഹസിക്കുന്നത്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് നിർബന്ധിക്കുന്നതാണ് വാട്സ്ആപ്പ് ചാറ്റിൽ.

അതേസമയം, ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്തുവന്നിട്ടും, പഴയ ന്യായീകരണം ആവർത്തിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇരയായ പെൺകുട്ടി പരാതി നൽകുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് വേദികളിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിരുന്നു.