ഗര്‍ഭകാലത്ത് ചെറിയ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യകരമെന്ന് പഠനം

 

ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന സംഗതിയല്ല കാപ്പി. ഗര്‍ഭിണിയാകുന്നതോടെ കാപ്പി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും നിരവധി. എന്നാല്‍ അല്‍പ സ്വല്‍പം കാപ്പിയൊക്കെ ഗര്‍ഭകാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

2009നും 2013നും ഇടയില്‍ 2500ലേറെ ഗര്‍ഭിണികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗര്‍ഭത്തിന്‍റെ 10, 13 ആഴ്ചകളില്‍ ഇവരുടെ രക്ത പ്ലാസ്മയിലുള്ള കഫൈനിന്‍റെ അളവ് ഗവേഷകര്‍ അളന്നു. ഓരോ ആഴ്ചയും കഴിക്കുന്ന കഫൈനടങ്ങിയ കാപ്പി, ചായ, സോഡ, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയുടെ അളവ് റിപ്പോര്‍ട്ട് ചെയ്യാനും ഗര്‍ഭിണികളോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങളും ഗര്‍ഭകാലത്ത് ഇവര്‍ക്കുണ്ടായ പ്രമേഹം, രക്താതിസമ്മര്‍ദം, പ്രീക്ലാംപ്സിയ തുടങ്ങിയവയുടെ രോഗനിര്‍ണയ വിവരങ്ങളും ഗവേഷകര്‍ ഒത്തു നോക്കി.

ഗര്‍ഭകാലത്തിന്‍റെ 10 മുതല്‍ 13 ആഴ്ച കാലയളവില്‍ കഫൈനടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും ഗര്‍ഭകാലത്തെ പ്രമേഹ സാധ്യതയുമായി ബന്ധമില്ലെന്ന് ഇതിലൂടെ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. എന്നു മാത്രമല്ല പ്രതിദിനം 100 മില്ലിഗ്രാം കാപ്പി കുടിച്ചവരില്‍ ഗര്‍ഭത്തിന്‍റെ ആറു മാസക്കാലത്ത് പ്രമേഹ സാധ്യതയില്‍ 47 ശതമാനം കുറവും ഗവേഷകര്‍ നിരീക്ഷിച്ചു. ഗര്‍ഭകാലത്ത് കാപ്പി കുടിച്ചവരും കുടിക്കാത്തവരും തമ്മില്‍ രക്തസമ്മര്‍ദം, പ്രീക്ലാംപ്സിയ എന്നിവയില്‍ പ്രകടമായ മാറ്റവും കണ്ടെത്താനായില്ല.

ഊര്‍ജ്ജ സന്തുലനം നിലനിര്‍ത്താനും കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാനും കഫൈന്‍ സഹായകമാണെന്ന മുന്‍പഠനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍. അതേ സമയം ഗര്‍ഭകാലത്ത് അമ്മമാര്‍ പ്രതിദിനം 200 മില്ലിഗ്രാമില്‍ താഴെയാണെങ്കില്‍ പോലും കഫൈന്‍ ഉപയോഗിക്കുന്നത് നവജാത ശിശുക്കളുടെ വലുപ്പം കുറയാനിടയാക്കുമെന്ന് മുന്‍കാല പഠനങ്ങളില്‍ ചിലത് പറയുന്നു. നേരത്തേ കാപ്പി കുടിക്കാത്തവര്‍ ഗര്‍ഭകാല പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ഇനി കാപ്പി കുടിച്ച് തുടങ്ങേണ്ട കാര്യമില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്‍റ് പ്രഫസര്‍ സ്റ്റെഫാനി ഹിങ്കിള്‍ പറയുന്നു. അതേ സമയം കാപ്പി കുടിച്ചിരുന്നവര്‍ക്ക് ചെറിയ തോതില്‍ ഗര്‍ഭകാലത്ത് പോലും അത് തുടരാം എന്ന ഉറപ്പ് നല്‍കുന്നതാണ് പഠനം. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ഗര്‍ഭിണികള്‍ ദിവസം 200 മില്ലിഗ്രാമില്‍ അധികം കഫൈന്‍ കഴിക്കരുതെന്ന് അമേരിക്കന്‍ കോളജ് ഓഫ് ഒബസ്ട്രെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് ശുപാര്‍ശ ചെയ്യുന്നു.