കോഴിക്കോട് ജില്ലയിലും സമ്പർക്ക കേസുകൾ കൂടുന്നു . ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ അവലോകനയോഗത്തിൽ തീരുമാനിച്ചു.മാർക്കറ്റുകളിലും ഹാർബറുകളിലും നിലവിലുള്ള കർശന നിയന്ത്രണം തുടരും.
വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേർക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മീഞ്ചന്ത സ്വദേശിനിയുടെ ഉറവിടം വ്യക്തമല്ല. സമ്പർക്ക കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരു ദിവസം ആയിരം പേരുടെ സാമ്പിളുകൾ പരിശോധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ ഫലം ലഭിക്കുന്ന ആൻറിജൻ ടെസ്റ്റാണ് നടത്തുക.
വലിയങ്ങാടി ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും ഹാർബറുകളിലും നിലവിലുള്ള കർശന നിയന്ത്രണം തുടരും. തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ കൺട്രോൾ റൂമുകളുടെയും ദ്രുതകർമ്മസേനകളുടെയും പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു.