Headlines

ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; അന്വേഷണവുമായി സഹകരിക്കാതെ പികെ ബുജൈര്‍

ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ കോഴിക്കോട് പിടിയിലായ പികെ ബുജൈര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പൊലീസ്. പാസ്‌വേര്‍ഡ് നല്‍കാത്തതിനാല്‍ ബുജൈറിന്റെ ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാനാണ് തീരുമാനം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരനാണ് പികെ ബുജൈര്‍.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കോഴിക്കോട് കുന്ദമംഗലം ചൂലാംവയല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് പി കെ ബുജൈറിനെ പൊലീസ് പിടികൂടിയത്. ലഹരി വില്‍പ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെ പ്രകോപിതനായ ബുജൈര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷിനെ മര്‍ദിച്ചു. പൊലീസിനെ ആക്രമിച്ചതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.

പി കെ ബുജൈറും കഞ്ചാവുകേസിലെ പ്രതി റിയാസും തമ്മിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകള്‍ റിയാസിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ബുജൈറിന്റെ വാഹനത്തില്‍ നിന്ന് കഞ്ചാവ് പൊതിയുന്ന കടലാസും അനുബന്ധ സാമഗ്രികളും പിടികൂടി. എന്നാല്‍, പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോണ്‍ പികെ ബുജൈര്‍ അന്വേഷണ സംഘത്തിന് തുറന്നു നല്‍കിയില്ല. അതിനാല്‍, ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോണ്‍ റീജിയണല്‍ ഫോറന്‍സിക് ലാബില്‍ അയച്ചു പരിശോധിക്കാനാണ് പൊലീസ് തീരുമാനം. റിയാസുമായി ബുജൈര്‍ നടത്തിയ ചാറ്റുകള്‍ ഒറ്റത്തവണ മാത്രം കാണുന്ന തരത്തിലുള്ളതായതിനാല്‍ അവയും വീണ്ടെടുക്കാന്‍ ഈ പരിശോധനയിലൂടെ സാധിക്കും. അതേസമയം, പ്രതി ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.