ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ മദ്യപാനത്തിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടി സുനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കണ്ണൂർ എസ് പിക്ക് പരാതി നൽകി.
മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കും എന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രതികരണം. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുത്തു എന്നും അദ്ദേഹം പറയുന്നു
എന്നാൽ ഈ പരസ്യ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിന്റെ തെളിവ് ലഭിച്ചിട്ടും കേസെടുക്കാത്തതിനെതിരെ പ്രതിഷേധമുയരുകയാണ്. പ്രതികൾക്ക് പ്രത്യേക ഇളവ് നൽകുന്നത് നിയമത്തെ അപമാനിക്കാൻ ആണെന്ന് കെഎസ്‌യു ആരോപിച്ചു. നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് പിക്ക് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പരാതി നൽകി.
അതേസമയം, കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപദേശം തേടിയിട്ടുണ്ടെന്നും,ഇതിൻറെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നുമാണ് പൊലീസിൻറെ വിശദീകരണം. ഡിജിപി റവാഡ ചന്ദ്രശേഖർ ഇന്ന് ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കൊടി സുനിയുടെ മദ്യപാനം ഉൾപ്പടെയുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ചയായേക്കും.