മേഘവിസ്ഫോടനത്തിൽ നടുങ്ങി ഉത്തരാഖണ്ഡ്. ഉത്തരകാശിയിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ 4 മരണം സ്ഥിരീകരിച്ചു. വൻ നാശനഷ്ടമുണ്ടായ ധരാലിയിലാണ് മരണം ഉണ്ടായിരുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ വ്യക്തമാക്കി. കൂടുതൽ സന്നാഹങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 60 തോളം ആളുകളെ കാണാതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിക്കുന്നു. എന്നാൽ ഇതിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ധരാലിയിൽ വിനാശകരമായ മേഘവിസ്ഫോടനം ഉണ്ടാകുകയും. ഇത് ഘിർ ഗംഗാ നദീതട പ്രദേശത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വൻ മണ്ണിടിച്ചിലിനും കാരണമാകുകയായിരുന്നു. ഉത്തരകാശി ജില്ലയിലെ ഉയർന്ന പ്രദേശമാണ് ധരാലി.
നിരവധി വീടുകളാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.രക്ഷാപ്രവര്‍ത്തിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചിട്ടുണ്ട്. ഘിർ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധികാരികള്‍ അറിയിക്കുന്നത്. ആളുകള്‍ നിലവിളിക്കുന്ന ഭയാനകമായ വീഡിയോ നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ പ്രളയത്തിന്റെ ആഘാതത്തിൽ നിലംപൊത്തി.
ദുരന്തത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മേഘവിസ്ഫോടനത്തിൽ വൻനാശനഷ്ടം ഉണ്ടായെന്ന് പുഷ്കർ സിംഗ് ധാമി പറഞ്ഞു. മേഖലയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷാപ്രവർത്തനത്തിനായി മനേര , ബട്കോട്ട്, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്ന് എൻഡി ആർ എഫിൻ്റെ മൂന്ന് ടീമുകൾ കൂടി എത്തും. വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തിനും നടപടികൾ ആരംഭിച്ചു.