ന്യൂഡെൽഹി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കപ്പൽശാലയായ എബിജി കപ്പൽശാലയ്ക്കെതിരെ കോടികളുടെ വായ്പാ തട്ടിപ്പ് കേസ്. എബിജി കപ്പൽശാലയ്ക്കെതിരെ വിവിധ ബാങ്കുകളിൽനിന്നായി 22,842 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിബിഐ കേസെടുത്തു. എബിജി കപ്പൽശാല ഡയറക്ടർമാരായ റിഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്കെതിരെയാണ് സിബിഐ കേസെടുത്തത്.
28 ബാങ്കുകളിൽനിന്നായി 22,842 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിനേക്കാൾ വലിയ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 2925 കോടി രൂപ, ഐസിഐസിഐ ബാങ്കിൽനിന്ന് 7,089 കോടി, ഐഡിബിഐ ബാങ്കിൽനിന്ന് 3,634 കോടി, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 1,614 കോടി, പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 1,614 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 1,228 കോടി എന്നിങ്ങനെ തട്ടിപ്പു നടത്തിയെന്നാണു പരാതി. 2012 ഏപ്രിലിനും 2017 ജൂലൈയ്ക്കും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നാണു റിപ്പോർട്ട്.
എബിജി ഗ്രൂപ്പിന്റെ, കപ്പൽ നിർമാണവും റിപ്പയറിങ്ങും നടത്തുന്ന പ്രധാനപ്പെട്ട കമ്പനിയാണ് എബിജി ഷിപ്യാർഡ് ലിമിറ്റഡ്. ഗുജറാത്തിലെ സൂറത്തിലും ധയേജിലുമാണ് കപ്പൽശാലകൾ സ്ഥിതിചെയ്യുന്നത്.