Headlines

വരുമാനം വേണം;ചാറ്റ് ജി പി ടിയിൽ പരസ്യങ്ങൾ എത്തിക്കാനൊരുങ്ങി ഓപ്പൺ എ ഐ

ചാറ്റ് ജി പി ടിയിലും പരസ്യങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഓപ്പൺ എ ഐ. സാം ആൾട്ട്മാൻ തന്നെയാണ് ഈ വിവരം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഗോ സബ്‌സ്‌ക്രിപ്‌ഷൻ ,സൗജന്യ പ്ലാൻ തുടങ്ങിയവ ഉപയോഗിക്കുന്നവരിലേക്കാണ് പരസ്യങ്ങൾ ആദ്യമെത്തുക. പിന്നീട് മറ്റുള്ളവരിലേക്കും എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. (Open AI is preparing to deliver ads to Chat GPT).കോടികൾ മുതൽമുടക്കുള്ള കമ്പനിക്ക് പിടിച്ച് നിൽക്കണമെങ്കിൽ വരുമാനം അത്യാവശ്യമാണ്. അതിനാലാണ് കമ്പനി ഇപ്പോൾ പരസ്യ വിതരണം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലാകും പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി ആദ്യമായി പരസ്യങ്ങൾ ഉൾപെടുത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരസ്യങ്ങൾ എത്തുന്നത് സ്വകാര്യതയെ ബാധിക്കുമോ എന്ന സംശയം ഉപയോക്താക്കൾക്കിടയിൽ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ അതിലൊരു വിശദീകരണവും സാം ആൾട്ട്മാൻ തന്റെ പോസ്റ്റിലൂടെ നൽകുന്നുണ്ട്.ഉപയോക്താക്കൾക്ക് ലഭിക്കുന്ന വിവരങ്ങളെ പരസ്യങ്ങൾ ബാധിക്കില്ല. ചാറ്റ് ജി പി ടി നൽകുന്ന മറുപടികൾ ഏറ്റവും ഉപയോഗപ്രദമായിരിക്കുമെന്നും ഇത് പരസ്യങ്ങളിൽ നിന്ന് വേറിട്ടതും കൂടാതെ ഇവ ലേബൽ ചെയ്തവയാണെന്നും കമ്പനി പറയുന്നു. ഡാറ്റകളൊന്നും പരസ്യകമ്പനികൾക്ക് വിൽക്കില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പ് വരുത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.