ഒടുവിൽ ഇന്ത്യയിലും ചുവടുറപ്പിക്കാനൊരുങ്ങി ചാറ്റ് ജി പി ടി. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഈ വർഷം അവസാനത്തോടെ ഡൽഹിയിൽ തങ്ങളുടെ ആദ്യ ഓഫീസ് തുടങ്ങുമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യകത്മാക്കിയിരിക്കുന്നത്.
അമേരിക്കയ്ക്ക് ശേഷം ചാറ്റ് ജി പി ടി ഉപയോഗം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളാണ്. കൂടാതെ കഴിഞ്ഞ വർഷം നാലിരട്ടിയിലധികം ഉപയോക്താക്കളുടെ വർധനവും ഉണ്ടായിട്ടുണ്ട്. സർക്കാരുമായി സഹകരിച്ച് ‘ഇന്ത്യക്കൊപ്പം ഇന്ത്യക്കായി എ.ഐ നിർമ്മിക്കുക’ എന്നതാണ് ലക്ഷ്യമെന്നും സാം ആൾട്ട്മാൻ പോസ്റ്റിലൂടെ പറയുന്നു. ആഗോള തലത്തിൽ ഒരു എ ഐ ഡെവലപ്പറായി മാറാനുള്ള എല്ലാ ഘടകങ്ങളും ഇന്ത്യയ്ക്കുണ്ടെന്നും, ഇങ്ങനെയൊരു അവസരം ലഭിച്ചത് ഏറെ ആകാംഷ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള ഓപ്പൺഎഐയുടെ തീരുമാനം ഡിജിറ്റൽ നവീകരണത്തിനെയും രാജ്യത്തിന്റെ വളർച്ചയെയും സഹായിക്കുമെന്നും എ.ഐയുടെ പ്രയോജനങ്ങൾ ഓരോ പൗരനിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനായുള്ള ഓപ്പൺ എ.ഐയുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതായും ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയിൽ വേരുറപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതിലൂടെ ആഗോളതലത്തിൽ ഇത് വലിയ മാറ്റങ്ങൾക്ക് കാരണമാകും. കഴിഞ്ഞ ആഴ്ച ഓപ്പൺഎഐ ഏറ്റവും വിലകുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷനായ 399 രൂപ നിരക്ക് അവതരിപ്പിച്ചതും ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൽഹിയിൽ എവിടെയാണ് ഓഫീസ് തുടങ്ങുന്നതെന്ന് ഓപ്പൺഎഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.