Headlines

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്.

കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിലുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി സൂചനയുണ്ടായിരുന്നു. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടർന്നാണ് നീക്കം. നിമിഷപ്രിയയുടെ മോചനത്തിൽ കെ എ പോൾ നടത്തുന്ന നീക്കങ്ങളെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിരുന്നു.

കെ എ പോളിന്റെ ഇടപെടലുമായി മുന്നോട്ട് പോകുമ്പോൾ ആക്ഷൻ കൗൺസിലിന്റെ പ്രസക്തി തന്നെ ഇല്ലാതാകുന്നതാണ്, അതുകൊണ്ടുതന്നെ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആലോചനകൾ തുടരുകയാണെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചിരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. തുടക്കം മുതൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവരുന്ന സംഘടനയാണിത്‌. നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.