ദില്ലി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി.
അതേസമയം വധശിക്ഷയിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തിയ്യതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയ്യതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞു.