നിമിഷപ്രിയയുടെ അപ്പീലിൽ വിധി പറയുന്നത് യെമനിലെ കോടതി വീണ്ടും മാറ്റി

 

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ ഉത്തരവ് പറയുന്നത് സനയിലെ കോടതി വീണ്ടും മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ കാര്യങ്ങളാൽ ഉത്തരവ് മാറ്റിവെക്കുന്നുവെന്നാണ് കോടതി അറിയിച്ചത്. ഇത് രണ്ടാം തവണയാണ് അപ്പീലിൽ വിധി പറയുന്നത് കോടതി മാറ്റുന്നത്

2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയ അപ്പീൽ നൽകിയത്. കേസിൽ നിമിഷക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും ശിക്ഷാ ഇളവ് വേണമെന്നും ആവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്

തലാലിന്റെ പീഡനം സഹിക്കാനാകാതെ അമിത് ഡോസ് മരുന്ന് കുത്തിവെച്ചാണ് നിമിഷപ്രിയയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ചോരപ്പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ നിമിഷക്ക് വധശിക്ഷയിൽ നിന്നൊഴിവാകാം. എന്നാൽ ഈ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.