ഏറ്റവും വലിയ വിമാനമായ മ്രിയ റഷ്യൻ ആക്രമണത്തിൽ തകർന്നു; പുനർനിർമിക്കുമെന്ന് യുക്രൈൻ

 

ലോകത്തെ ഏറ്റവും വലിയ വിമാനം റഷ്യൻ ആക്രമണത്തിൽ തകർന്നതായി യുക്രൈൻ. കീവിനടുത്തുള്ള എയർ ഫീൽഡിലുണ്ടായ ആക്രമണത്തിലാണ് എ എൻ 225 മ്രിയ എന്ന വിമാനം തകർന്നത്. തങ്ങളുടെ സ്വപ്‌ന വിമാനം പുനർനിർമിക്കുമെന്നും യുക്രൈൻ അറിയിച്ചു

കൊവിഡ് വ്യാപനവേളയിൽ ഒട്ടനവധി ജീവൻ രക്ഷാ വാക്‌സിനുകൾ, പിപിഇ കിറ്റ് എന്ന ലോകത്താകമാനം വിതരണം ചെയ്ത വിമാനമാണ് റഷ്യ തകർത്തതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മ്രിയയെ തകർക്കാൻ റഷ്യക്ക് സാധിച്ചേക്കാം. എന്നാൽ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യൻ രാഷ്ട്രമെന്ന നമ്മുടെ സ്വപ്‌നം തകർക്കാൻ അവർക്കൊരിക്കലും കഴിയില്ലെന്നും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

84 മീറ്റർ നീളമുള്ള വിമാനത്തിൽ 250 ടൺ വരെ ചരക്ക് കൊണ്ടുപോകാൻ സാധിക്കും. മണിക്കൂറിൽ 850 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിമാനമാണ് മ്രിയ