ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണ്; മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള നീക്കം: ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാൻ

 

ന്യുഡല്‍ഹി: ഹിജാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണ്. ഇതിനു പിന്നില്‍ വ്യക്തമായ താല്‍പര്യമുണ്ട്. മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കമാണ്. മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ടുപോകുന്നുണ്ട്. അവരെ വീടുകളില്‍ തളച്ചിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇസ്ലാംമത വിശ്വാസപരമായി ഹിജാബ് നിര്‍ബന്ധമല്ല. വസ്ത്ര ധാരണത്തിന്റെ ഭാഗമായുള്ള സ്വാതന്ത്ര്യമായി കാണാനാവില്ല. കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നിയമം പാലിക്കണം. സിഖുകാരുടെ തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയിരുന്നു. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളെ ശിരോവസ്ത്രത്തിന്റെയും മുത്തലാഖിന്റെയും പേരില്‍ അടിച്ചമര്‍ത്തുകയാണെന്നും ഗവര്‍ണര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ ഡ്രസ് കോഡും മനസ്സിലാക്കണം. അതിനെതിരെ പ്രതികരിക്കാന്‍ പോകരുത്.

ഈ വിവാദമൊരു വിഷയമല്ല. വിദ്യാര്‍ത്ഥികള്‍ ഖുറാൻ മനസ്സിലാക്കുന്നില്ല. ഖുറാനില്‍ പറയുന്നത് ഖിമര്‍ എന്നാണ്. ദുപ്പട്ട എന്നാണ് അതിനര്‍ത്ഥം. ജിബാബ് എന്ന വാക്ക് ഖുറാനിലുണ്ട്. അതിനര്‍ത്ഥം ഷര്‍ട്ട് എന്ന് മാത്രമാണ്. ഹിജാബ് എന്നാല്‍ കര്‍ട്ടന്‍, ഏകാന്തത, വേര്‍തിരിവ് എന്നൊക്കെയാണ് അര്‍ത്ഥം. ഈ വാക്ക് ഏഴ് തവണ ഖുറാനില്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ന് അത് വസ്ത്രമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.