നേപ്പാളില്‍ ലോക്ഡൌണ്‍ ജൂലൈ 22 വരെ നീട്ടി

നേപ്പാളില്‍ ലോക്ഡൌണ്‍ ജൂലൈ 22 വരെ നീട്ടി. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇളവുകളോടെയാണ് പുതിയ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 15ന് ശേഷം സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുറക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു. പരിമിത യാത്രക്കാരുമായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാനും അനുവദിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധന കേന്ദ്രങ്ങള്‍, ജിം സെന്‍ററുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ ജൂലൈ 22 വരെ അടഞ്ഞുകിടക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഡോ. യുവരാജ് ഖാത്തിവാദ അറിയിച്ചു.

മാര്‍ച്ച് മുതലാണ് നേപ്പാളില്‍ ദേശീയ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തിയത്. പ്രതിദിനം 400 ഓളം കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 476 പേര്‍‌ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 13,248 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 29 പേരാണ് മരിച്ചത്. 3,134 പേര്‍ രോഗമുക്തി നേടിയതായും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.