ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ് ട്രംപ് തൊട്ടുപിന്നിൽ തന്നെയുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ ഫ്ലോറിഡയിൽ ട്രംപിനാണ് വിജയം. 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ പ്രസിഡന്റാകുമെന്നിരിരിക്കെ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ വിജയം ട്രംപിന് സ്വന്തമായി. കനത്ത മത്സരം നടന്ന ഫ്ലോറിഡയിൽ തുടക്കം മുതൽ തന്നെ ട്രംപും ബൈഡനും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. ടെക്‌സാസിലും ട്രംപിന് തന്നെയാണ് മുന്നേറ്റം.
അതേസമയം അമേരിക്കൻ മാധ്യമങ്ങളുടെ കണക്കുകളിൽ ബൈഡനാണ് മുൻപിൽ.
വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തു വരാൻ അൽപം സമയമെടുത്താലും വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ബൈഡൻ അണികളോട് പറഞ്ഞു. തിരഞ്ഞെടുപ്പിലെ ജേതാവിനെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും അമേരിക്കയിലെ ജനങ്ങളാണെന്നും ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
“നാം വൻ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ അവർ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിംഗ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാൻ ആർക്കും ആവില്ല. ഇന്ന് രാത്രിയിൽ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വൻ വിജയത്തിൻ്റെ പ്രഖ്യാപനം”. ഇങ്ങനെയാണ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞത്.