കൊവിഡ് ചികില്‍സയിലിരിക്കെ ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

വാഷിങ്ടണ്‍: കൊവിഡ് ചികില്‍സയിലായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി വിടുകയാണെന്നും കൊവിഡിനെ ഭയപ്പെടേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. വൈറ്റ്ഹൗസിലേക്ക് മടങ്ങിയ ട്രംപിനു അവിടെ ചികില്‍സ തുടരുമെന്നാണ് റിപോര്‍ട്ട്. അതേസമയം, ട്രംപ് കൊവിഡ് മുക്തനായിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തേ, ചികില്‍സയിലിരിക്കെ അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കു നല്‍കുന്ന മരുന്നുകള്‍ ട്രംപിനു നല്‍കിയെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ആശുപത്രിക്കു പുറത്തിറങ്ങി ട്രംപ് വാഹനത്തില്‍ പുറത്തേക്കു പോയിരുന്നു. വാള്‍ട്ടര്‍ റീഡ് ആശുപത്രിക്കു മുന്നില്‍ കൂടിയ അനുയായികള്‍ക്കു നന്ദി പറയാനായി ‘ഞാനിതാ വരുന്നു’വെന്ന് വീഡിയോയില്‍ പറഞ്ഞ ശേഷം എസ്‌യുവിയില്‍ കനത്ത സുരക്ഷാസാഹങ്ങളോടെ ട്രംപ് റോഡ് ഷോ നടത്തിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.