വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.
അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു.