തൃശൂരിലെ മറ്റത്തൂരിന് പിന്നാലെ പാറളം പഞ്ചായത്തിലും ബിജെപിക്ക് കോൺഗ്രസ് സഹായം ലഭിച്ചതായി ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വനിതാ നേതാവ് മനഃപൂർവം വോട്ട് അസാധുവാക്കി എന്നാണ് ആരോപണം. ഇതോടെ ബിജെപി പാറളം പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ചു.
യുഡിഎഫ്- 6, എൻഡിഎ- 6, എൽഡിഎഫ്- 5 എന്നതായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ വനിതാ നേതാവ് വോട്ട് അസാധുവാക്കുകയായിരുന്നു. ഇതോടെ ബിജെപി പാറളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. വോട്ട് അസാധുവാക്കിയ വനിതാ നേതാവിനെയാണ് ആദ്യം പ്രസിഡന്റായി തീരുമാനിച്ചിരുന്നത്. പിന്നീട് പ്രസിഡന്റ് സ്ഥാനത്ത് പുതിയ സ്ഥാനാർഥിയെ പരിഗണിച്ചതോടെയാണ് വോട്ട് അസാധുവാക്കി ബിജെപിയെ സഹായിച്ചത് എന്നാണ് ആരോപണം.
റിട്ടേണിങ് ഓഫീസർ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ട മാനദണ്ഡങ്ങൾ ഒന്നും പരിഗണിച്ചില്ലെന്നാണ് ആരോപണം. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ജയിക്കുന്നതിന് വേണ്ടിയുള്ള വഴി ഒരുക്കി കൊടുക്കുകയായിരുന്നു കോൺഗ്രസ് അംഗം ചെയ്തതെന്നാണ് സിപിഐഎം ആരോപിക്കുന്നത്.






