സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ ലൈനിൽ വേഗത കൂട്ടൽ അപ്രായോഗികമാണ്. നാടിന് അതിവേഗതയിൽ പോകാൻ കഴിയണം. അതിനായി സിൽവർ ലൈനിനേക്കാൾ മികച്ച ഒന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സഭയിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിലെ റെയിൽപാത വളവുകൾ നിവർത്താൻ രണ്ട് ദശാബ്ദമെങ്കിലും എടുക്കും. റോഡുകളുടെ വീതി കൂട്ടുകയെന്നത് വാഹനങ്ങളുടെ ആധിക്യത്തിനേ വഴിവെക്കൂ. സിൽവർ ലൈനിനേക്കാൾ മികച്ചൊരു ബദൽ ഒരു പഠനത്തിലും കണ്ടെത്താനായിട്ടില്ല. നമ്മുടെ നാടിന് അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുകയെന്നതാണ് പ്രധാനം.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒന്നും മറച്ചുവെച്ചിട്ടില്ല. കേരളത്തെ രണ്ടായി വിഭജിക്കുമെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണ്. അതേസമയം സംസ്ഥാനത്തിന് അർഹതപ്പെട്ടതൊന്നും കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് പോലും കിട്ടാക്കനിയാണ്. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അഭ്യർഥിച്ചു. ഏകീകൃതമായി ആവശ്യങ്ങൾ ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.