Headlines

കാണിക്ക, വഴിപാട്, മുറിവാടക: ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കും

 

തിരുവനന്തപുരം ∙ ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറാ സംവിധാനം ഏർപ്പെടുത്താനും ദേവസ്വം ബോർഡിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. ശബരിമലയിലെയും പമ്പയിലെയും മാലിന്യ നിർമാർജനത്തിന് ക്ലീൻ കേരള കമ്പനിയുമായി തത്വത്തിൽ ധാരണയായതായി പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. മണ്ഡല, മകരവിളക്ക് തീർഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായാണ് യോഗം ചേർന്നത്. മാലിന്യനീക്കം സുഗമമാക്കുന്നതിന് സാനിറ്റേഷൻ പ്രോട്ടോക്കോൾ നടപ്പാക്കും.

 

സന്നിധാനത്തുള്ള 690 മുറികളിൽ 550 എണ്ണം ഓൺലൈൻ ബുക്കിങ്ങിലൂടെ തീർഥാടകർക്ക് അനുവദിക്കും. മുറി വാടക മാത്രം നൽകിയാൽ മതി. മുറിയൊന്നിന് 50 രൂപ സർവീസ് ചാർജായി ഈടാക്കി ഡിപ്പോസിറ്റ് തുക ഒഴിവാക്കും. പടിപൂജ ഒരു ദിവസം 5 പേർക്കു വരെയായി ക്രമീകരിക്കും. കാണിക്ക, വഴിപാട്, മുറി വാടക എന്നിവ ഡിജിറ്റൽ പേയ്മെന്റ് ഇടപാടിലേക്കു മാറ്റും. ഹൈക്കോടതിയുടെയും ശബരിമല ഹൈപവർ കമ്മിറ്റിയുടെയും അനുവാദത്തോടെ ശബരി ഗെസ്റ്റ്ഹൗസിന് സമീപം 60 മുറികളുള്ള പുതിയ ഗെസ്റ്റ്ഹൗസ് നിർമിക്കും.തീർഥാടനവുമായി ബന്ധപ്പെട്ട് നവംബർ 1 മുതൽ ജനുവരി 30 വരെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കും. കഴിഞ്ഞ തവണ പമ്പ – സന്നിധാനം പാതയിൽ മലകയറ്റത്തിനിടെ ഹൃദയാഘാതത്താൽ മരിച്ച 54 പേരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം വിതരണം ചെയ്യും. പിൽഗ്രിം റിലീഫ് ഫണ്ടിൽ നിന്നാണ് തുക വിതരണം ചെയ്യുക. സന്നിധാനത്ത് വാസ്തുശാസ്ത്ര പ്രകാരം പുതിയ തീർഥക്കുളം നിർമിക്കും. ശുപാർശ നൽകാൻ ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തെ ചുമതലപ്പെടുത്തി. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനായി പൊലീസ് ആസ്ഥാനത്തു നിന്ന് സമർപ്പിച്ച 17 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്നും ജയകുമാർ പറഞ്ഞു.

 

പി.വിജയൻ ചീഫ് പൊലീസ് കോഓർഡിനേറ്റർ

ക്രമസമാധാനച്ചുമതലയുള്ള എ‍ഡിജിപി പി.വിജയനെ ശബരിമലയിലെ ചീഫ് പൊലീസ് കോ ഓർഡിനേറ്ററായി സർക്കാർ നിയമിച്ചു. എഡിജിപി എസ്.ശ്രീജിത് വഹിച്ചിരുന്ന പദവിയാണിത്. ശബരിമലയിലെ സുരക്ഷ, പരിസ്ഥിതി പരിപാലനം എന്നിവ ഉറപ്പാക്കാൻ പൊലീസ്, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കി 2011ൽ ആരംഭിച്ച ‘പുണ്യം പൂങ്കാവനം’ പദ്ധതിക്കു നേതൃത്വം നൽകിയത് വിജയനാണ്.

അയ്യപ്പസംഗമം ഇനിയില്ല; അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല: കെ.ജയകുമാർ

തിരുവനന്തപുരം ∙ പബ്ലിസിറ്റി ആവശ്യമില്ലാത്ത അയ്യപ്പന്റെ പേരിൽ ഇനിയൊരു അയ്യപ്പ സംഗമം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. സംഗമത്തിന്റെ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കുറച്ച് പണം നൽകാനുണ്ടെങ്കിലും ബോർഡിന്റെ അക്കൗണ്ടിൽനിന്ന് ഒരു രൂപ പോലും അനുവദിക്കില്ല. സ്പോൺസർഷിപ് വകയിൽ കിട്ടിയ കുറച്ചു തുക കൂടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്താണു കോടികൾ മുടക്കി പമ്പയിൽ അയ്യപ്പസംഗമം സംഘടിപ്പിച്ചത്.

 

ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെല്ലാം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ഈ തീർഥാടനകാലം മുതൽ സ്വീകരിച്ചു തുടങ്ങിയതായും ജയകുമാർ പറഞ്ഞു.