ആലപ്പുഴ ∙ പ്രളയം വീണ്ടും വരുമോ എന്ന ആശങ്ക ഉയർത്തിയാണ് ഇന്നലെ ജില്ലയിൽ മഴ ശക്തമായത്. ഇന്ന് (02/08/2026) ഓറഞ്ച് അലർട്ടാണ്. ഇന്നലെ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്ന് (ഓറഞ്ച് അലർട്ട്) നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പിന്നീട് അതു മഞ്ഞ അലർട്ടായി. എന്നാൽ, ഇന്നലെ ഉച്ചയോടെ വീണ്ടും ഓറഞ്ച് അലർട്ടാക്കി. ഇന്നലെ രാവിലെ മുതൽ മിക്കയിടത്തും ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. ഇന്നലത്തെ മഴയിൽ നദികളിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നദീതീരങ്ങളിലെ വീടുകളിൽ വെള്ളം കയറി. കിഴക്കൻ മേഖലയിൽ പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കിഴക്കൻ വെള്ളം കൂടി എത്തുന്നതോടെ ജലനിരപ്പ് വീണ്ടും ഉയർന്നേക്കും. നദികൾ ഏതു സമയവും കരകവിഞ്ഞൊഴുകാവുന്ന സ്ഥിതിയാണ്. വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനും പേമാരിക്കും തുടർച്ചയായി ശക്തമായ തോതിൽ മലവെള്ളം എത്തിയാൽ അപ്പർകുട്ടനാട് മുങ്ങും. ചെന്നിത്തല, ബുധനൂർ, മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നാലിടത്തു ദുരിതാശ്വാസ ക്യാംപ് തുറന്നു. മുളക്കുഴയിലും തിരുവൻവണ്ടൂരിലും ഇരമല്ലിക്കരയിലുമാണു ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. തിരുവൻവണ്ടൂർ ഗവ.എച്ച്എസ്എസിൽ 5 കുടുംബങ്ങളിലെ 10 പേരും മുളക്കുഴ പുത്തൻകാവ് എംഡി എൽപിഎസിൽ19 കുടുംബങ്ങളിലെ 81 പേരും കഴിയുന്നു. ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിലെ ക്യാംപിൽ 10 കുടുംബങ്ങളിലെ 36 പേരെയും മുളക്കുഴ സെന്റ് ജോർജ് എൽപിഎസിൽ 6 കുടുംബങ്ങളിലെ 26 പേരെയും മാറ്റിപാർപ്പിച്ചു. തൃക്കുന്നപ്പുഴയിൽ കടൽ റോഡിലേക്ക് ഇരച്ചു കയറിയതിനെ തുടർന്നു പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. ആലപ്പുഴ കറുത്തകാളി പാലത്തിനു സമീപം പോസ്റ്റ് മറിഞ്ഞു ട്രാൻസ്ഫോമർ കനാലിൽ വീണു. മാവേലിക്കര–കോഴഞ്ചേരി റോഡിൽ ചെങ്ങന്നൂർ പുത്തൻകാവ് ജംക്‌ഷനിൽ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ചു. വെൺമണിയിൽ മരം വീണു വീടിന്റെ മേൽക്കൂര തകർന്നു.നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം; എല്ലാ താലൂക്കിലും കൺട്രോൾ റൂമുകൾ
ആലപ്പുഴ ∙ ജില്ലയിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്യുകയും സമീപ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തും ശക്തമായ മഴ തുടരുന്നതിനാലും ജില്ലാ ഭരണകൂടം പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെത്തുടർന്ന് പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നീ നദികളിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പൊതുജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പുകൾ നടത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യമോ അപകട സാധ്യതയോ ശ്രദ്ധയിൽപെട്ടാൽ ഉടൻ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ടോൾ ഫ്രീ നമ്പറിലേക്ക് -1077 വിളിക്കേണ്ടതാണ്. എല്ലാ താലൂക്കിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ താലൂക്കിലും ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാണ്. കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യമെത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും 3 ബോട്ടുകളും അടിയന്തരമായി എത്തിക്കും. ജലാശയങ്ങളിൽ ഇറങ്ങാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണം. കായലുകളിലും നദികളിലും മീൻ പിടിക്കുന്നവർ കരുതലെടുക്കണമെന്നും കലക്ടർ നിർദേശിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.ഇന്നും ഓറഞ്ച് മുന്നറിയിപ്പ്
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ മഴയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് ഉദ്ദേശിക്കുന്നത്. അയൽ ജില്ലകളായ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പാണുള്ളത്. അതേസമയം നാളെ മുതൽ ജില്ലയിൽ പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥാ പ്രവചനങ്ങളിൽ മാറ്റംവരുന്നതിന് അനുസരിച്ചു മുന്നറിയിപ്പുകളിലും മാറ്റം വരും.
ഹൗസ്‌ബോട്ട്, ശിക്കാര സർവീസ് എന്നിവ നിരോധിച്ചു
ജില്ലയിൽ അതിശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് ദുരന്തനിവാരണ നിയമപ്രകാരം ഹൗസ്ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിങ്, കയാക്കിങ്, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസും സഞ്ചാരവും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ താൽക്കാലികമായി നിരോധിച്ചു. നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയന്ത്രണം ലംഘിച്ച് സർവീസ് നടത്തുകയും സഞ്ചരിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ പോർട്ട് ഓഫിസറെ ചുമതലപ്പെടുത്തി. ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും ജലനിരപ്പ് ഉയരലും മൂലം കായൽ, നദി, ജലാശയങ്ങൾ എന്നിവയിലൂടെയുള്ള സഞ്ചാരം അപകടകരമാകാനും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും അപകടം ഉണ്ടാകാനും സാധ്യതയുള്ളതിനാലാണ് നടപടി. പുതിയ ഉത്തരവുണ്ടാകുന്നത് വരെ നിരോധനം തുടരും.തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ ഉയർത്തി
തോട്ടപ്പള്ളി ∙ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലുണ്ടായ കനത്ത മഴയും നീരൊഴുക്കും കാരണമുള്ള പ്രളയസാധ്യതയെ പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കാനും എല്ലാ അടിയന്തര നടപടികളും എടുത്തെന്നും ജില്ല പൂർണ സജ്ജമാണെന്നും കലക്ടർ ഷാജി വി.നായർ പറഞ്ഞു. കിഴക്കൻ വെള്ളം ഒഴുകി കടലിലേക്ക് പോകുന്ന പ്രധാനവഴിയായ തോട്ടപ്പള്ളി സ്പിൽവേയിലെ തയാറെടുപ്പുകൾ നേരിട്ടു പരിശോധിക്കുകയായിരുന്നു അദ്ദേഹം.
തോട്ടപ്പള്ളി സ്പിൽവേയിലെ 40ൽ 39 ഷട്ടറും ഇന്നലെ വൈകിട്ടോടെ തുറന്നു. ഇപ്പോൾ വലിയ നീരൊഴുക്കില്ലെങ്കിലും വൈകാതെ വർധിച്ചേക്കും. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറും അന്ധകാരനഴിയിലെ 4 ഷട്ടറും തുറന്നിട്ടുണ്ട്. തോട്ടപ്പള്ളി പൊഴി മുറിക്കൽ ഇന്നലെ രാവിലെ തുടങ്ങി. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാതിരിക്കാൻ എല്ലാ തയാറെടുപ്പും നടത്തിയിട്ടുണ്ട്. അണക്കെട്ടുകൾ തുറക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നു സ്പിൽവേ ഷട്ടറുകൾ വെള്ളിയാഴ്ച രാത്രി മുതൽ ഉയർത്തിത്തുടങ്ങിയിരുന്നു. ഒരു ഷട്ടർ 2019ൽ തകർന്നു വീണതാണ്.
പ്രളയസാധ്യതാ പ്രതിരോധം വിലയിരുത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും യോഗം ഇന്നലെ ചേർന്നു. പ്രളയസാധ്യത പ്രതിരോധിക്കാൻ റവന്യു വകുപ്പടക്കം മേൽനോട്ടം വഹിക്കുന്ന എല്ലാ വകുപ്പുകൾക്കും ഇന്നും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. മേജർ ഇറിഗേഷൻ എൻജിനീയർ പി.എസ്.വിനോദും കലക്ടർക്കൊപ്പം എത്തിയിരുന്നു.അതേസമയം, ഷട്ടറുകളുടെ വാർഷിക അറ്റകുറ്റപ്പണി 6 വർഷമായി നടക്കാത്തതിനാൽ റോപ്പുകളുടെയും മറ്റും പ്രവർത്തനം മോശമാണ്. ഷട്ടർ പ്രവർത്തിപ്പിക്കുന്ന മോട്ടറുകളുടെ സ്വിച്ചുകളും കാര്യക്ഷമമല്ല. തൊഴിലാളികൾ സ്പിൽവേയ്ക്കു സമീപം വെള്ളക്കെട്ടിലിറങ്ങി ഷട്ടർ ഉയർത്തിക്കൊടുത്തപ്പോൾ ക്ലാംപുകളിൽ കയറിട്ടു വലിച്ചാണ് 6 ഷട്ടറുകൾ ഉയർത്തിയത്. പൊഴിമുഖത്ത് 100 മീറ്റർ വീതിയിൽ മണൽ മാറിയിട്ടുണ്ട്. എന്നാൽ, കടലിലേക്കു നീരൊഴുക്ക് വർധിക്കാത്തതു കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.






