- മെൽബണിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയ. എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. വിജയലക്ഷ്യമായ 70 റൺസ് 15.5 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ പരമ്പര 1-1 എന്ന നിലയിലെത്തി
മായങ്ക് അഗർവാൾ 5, ചേതേശ്വർ പൂജാര 3, എന്നിവരുടെ വിക്കറ്റുകളാണ് വീണത്. ശുഭ്മാൻ ഗിൽ 35 റൺസുമായും രഹാനെ 27 റൺസുമായും പുറത്താകാതെ നിന്നു. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റിൽ കോഹ്ലിയുടെ അഭാവത്തിൽ രഹാനെയാണ് ഇന്ത്യയെ നയിച്ചത്.
6ന് 133 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 67 റൺസ് കൂടി നാലാം ദിനം കൂട്ടിച്ചേർത്തു. കാമറോൺ ഗ്രീനും പാറ്റ് കമ്മിൻസും തമ്മിലുള്ള കൂട്ടുകെട്ട് 156 റൺസിലാണ് തകർന്നത്. കമ്മിൻസ് 22 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ 45 റൺസെടുത്ത ഗ്രീനും മടങ്ങി. മിച്ചൽ സ്റ്റാർക്ക് 14 റൺസുമായി പുറത്താകാതെ നിന്നു ഹേസിൽവുഡ് 10 റൺസെടുത്തു
ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ ടെസ്റ്റ് കളിച്ച മുഹമ്മദ് സിറാജ് 3 വിക്കറ്റെടുത്തു. രണ്ടിന്നിംഗ്സിലുമായി സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബുമ്ര, അശ്വിൻ, ജഡേജ എന്നിവർ രണ്ട് വീതവും ഉമേഷ് യാദവ് ഒരു വിക്കറ്റുമെടുത്തു ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 195 റൺസിന് പുറത്തായി.
മറുപടിയായി ഇന്ത്യ 326 റൺസെടുത്തു. 131 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസീസ് രണ്ടാമിന്നിംഗ്‌സിൽ 200 റൺസിന് പുറത്തായി. ഇന്ത്യ വിജയലക്ഷ്യമായ 70 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി സ്വന്തമാക്കിയ രഹാനെയാണ് കളിയിലെ താരം.