നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജൻ-അമ്പിളി ദമ്പതികളുടെ രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കു. ഇതുസംബന്ധിച്ച അടിയന്തര നിർദേശം മുഖ്യമന്ത്രി നൽകി. കേരളാ പര്യടനത്തിന്റെ ഭാഗമായി തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് മുഖ്യമന്ത്രി ഇന്നുള്ളത്.
കുട്ടികൾക്ക് വീടും സ്ഥലവും നൽകും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു
മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നതിനിടെയാണ് രാജനും അമ്പിളിയും പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇന്നലെയാണ് ഇരുവരും മരിച്ചത്. സംഭവത്തിൽ പോലീസ് നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ റൂറൽ എസ് പിയോട് നിർദേശിച്ചിട്ടുണ്ട്.