പാകിസ്താനും പങ്കെടുക്കും: ട്വി20 ലോകകപ്പിന് വേദികളായി

 

ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ വേദികള്‍ ബി.സി.സി.ഐ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമായ അഹമദാബാദ്​ നരേന്ദ്രമോദി സ്റ്റേഡിയത്തിലാവും ഫൈനല്‍.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്​, ബംഗളൂരു, ലക്നോ, ധർമശാല എന്നീ നഗരങ്ങളാകും ട്വന്‍റി20 പൂരത്തിന്‍റെ മറ്റ്​ വേദികൾ. ഈ വർഷം ഒക്​ടോബർ നവംബർ മാസങ്ങളിലായാണ്​ ടൂർണമെന്‍റ്​ നടക്കുക. ഇക്കൂട്ടത്തില്‍ അഹമ്മദാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ 2016ല്‍ നടന്ന ട്വന്റി 20 ലോകകപ്പിന് വേദിയാകാത്ത നഗരങ്ങളാണ്. അതേസമയം ഇന്ത്യയിലേക്ക് വരാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പ്രയാസമൊന്നും ഉണ്ടാകില്ല.

ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്.രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങളോളമായി ഇന്ത്യ – പാകിസ്താന്‍ പരമ്പരകള്‍ നടക്കുന്നില്ല. അതേസമയം സ്റ്റേഡിയത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമൊന്നും ആയിട്ടില്ല. കോവിഡിന്റെ സ്ഥിതി കൂടി പരിഗണിച്ചാവും ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാവുക.