സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന കൂട്ട പരിശോധനയുടെ ഫലം വരുന്നതോടെ കൊവിഡ് പ്രതിദിന കേസുകൾ 25,000ത്തിനും മുകളിൽ പോകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാനും സിഎഫ്എൽടിസികൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടത്. ഹൈറിസ്‌ക് വിഭാഗങ്ങളിലെ പരിശോധനാ ഫലം ഇന്ന് മുതൽ വന്ന് തുടങ്ങും. ഇന്നലെ 1,33,836 പേരെയാണ് പരിശോധിച്ചത്. ഇതിന്റെ ഫലം വരുമ്പോൾ 25,000ന് മുകളിൽ രോഗികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ എത്തിയതോടെ മാസ് വാക്‌സിനേഷൻ ക്യാമ്പുകളും സജീവമായിട്ടുണ്ട്. ഇന്നലെ എത്തിയ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ ഓരോ സ്ഥലത്തേക്കുമായി വിഭജിച്ച് നൽകി. തിരുവനന്തപുരത്തിന് മാത്രം 30,000 ഡോസ് നൽകി. എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് അമ്പതിനായിരം ഡോസ് വീതവും നൽകിയിട്ടുണ്ട്.