ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി. 227 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. 420 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇന്ത്യ കേവലം 192 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് കളിയിലെ താരം
1ന് 39 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ രണ്ട് സെഷൻ മാത്രമെ പിടിച്ചു നിൽക്കാനുയുള്ളു. ശുഭ്മാൻ ഗില്ലിന്റെയും നായകൻ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ പറയാനായുള്ളത്. കോഹ്ലി 72 റൺസിനും ഗിൽ 50 റൺസിനും പുറത്തായി
റിഷഭ് പന്ത് 11 റൺസും രോഹിത് ശർമ 12 റൺസും പൂജാര 15 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. രഹാനെയും വാഷിംഗ്ടൺ സുന്ദറും ഷഹബാസ് നദീമും പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ആൻഡേഴ്സൺ മൂന്നും വിക്കറ്റെടുത്തു. ആർച്ചർ, ബെസ്, സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി
ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 578 റൺസാണ് എടുത്തത്. ഇന്ത്യ 337 റൺസിന് പുറത്തായി. 241 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്സിൽ ഇംഗ്ലണ്ട് 178ന് പുറത്തായി. ഇതോടെയാണ് ഇന്ത്യക്ക് 420 റൺസിന്റെ വിജയലക്ഷ്യം മുന്നിൽ വന്നത്.