ചെന്നൈ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 178 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് ജയിക്കാനായി വേണ്ടത് 420 റൺസാണ്. ആറ് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനാണ് രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത്
6ന് 257 റൺസ് എന്ന നിലയിൽ ഇന്ത്യയാണ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 337ൽ ഇന്ത്യയുടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 85 റൺസുമായി പുറത്താകാതെ നിന്നു. റിഷഭ് പന്ത് 91 റൺസും പൂജാര 73 റൺസും, അശ്വിൻ 31 റൺസുമെടുത്തു.
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ റോറി ബേൺസിനെ നഷ്ടപ്പെട്ടു. അശ്വിനായിരുന്നു വിക്കറ്റ്. പിന്നാലെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. അശ്വിൻ ആറ് വിക്കറ്റുകൾ എടുത്തപ്പോൾ ഷഹബാദ് നദീം രണ്ടും ഇഷാന്ത് ശർമ, ബുമ്ര എ്ന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി
40 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഓലീ പോപ് 28 റൺസും ഡോം ബെസ് 25 റൺസും ഡാൻ ലോറൻസ് 18 റൺസുമെടുത്തു. ഒരു ദിവസം ശേഷിക്കെ ഇന്ത്യ സമനിലക്കായി കളിക്കുമോ അതോ ജയത്തിനായി ശ്രമിക്കുമോ എന്നതാണ് കാണേണ്ടത്.