ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 294 റൺസിന് പുറത്തായി. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എടുത്തിട്ടുണ്ട്. ടെസ്റ്റിന്റെ അവസാന ദിനമായ നാളെ 324 റൺസ് എടുത്താൽ ഇന്ത്യക്ക് ജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കാം.
ആവേശകരമായ അന്ത്യമാണ് ബ്രിസ്‌ബേൻ ടെസ്റ്റിലും കാത്തിരിക്കുന്നത്. നാളത്തെ ആദ്യ സെഷൻ ഇതോടെ നിർണായകമാകും. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നാളെ അദ്യ സെഷൻ അവസാനിക്കുന്നതോടെ ഇന്ത്യ ജയത്തിനാണോ സമനിലക്കാണോ ശ്രമിക്കുന്നതെന്ന് വ്യക്തമാകും
അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്. ഷാർദൂൽ താക്കൂർ നാല് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റുമെടുത്തു.
55 റൺസെടുത്ത സ്മിത്താണ് ഓസീസ് ടോപ് സ്‌കോറർ. വാർണർ 48, ഹാരിസ് 38, കാമറോൺ ഗ്രീൻ 37, പാറ്റ് കമ്മിൻസ് 28 റൺസുമെടുത്തു