Headlines

തമിഴ്നാട്ടിൽ ഓട്ടോറിക്ഷകളുടെ മിനിമം യാത്രാനിരക്ക് 50 രൂപ, ഓരോ കിലോമീറ്റിറിനും 25 രൂപ; വെയ്റ്റിങ് ചാർജും കൂടും

ചെന്നൈ ∙ മെട്രോപൊളിറ്റൻ ഏരിയ ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകളുടെ യാത്രാനിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം. പുതുക്കിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിനു മിനിമം ചാർജ് 50 രൂപയായിരിക്കും. ഇതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകണം. അതത് പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്താൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്കും റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികൾക്കും സർക്കാർ നിർദേശം നൽകി.
സാധാരണ നിരക്കുകൾക്കു പുറമെ മലയോര മേഖലകളിലെ യാത്രകൾക്കും രാത്രികാല യാത്രകൾക്കും വെയ്റ്റിങ് ചാർജിനും പ്രത്യേക നിരക്കുകൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മിനിറ്റിന് 1 രൂപയാണ് വെയ്റ്റിങ് ചാർജ്. പഴയ നിരക്ക് 5 മിനിറ്റിന് 3 രൂപ 50 പൈസയായിരുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള യാത്രകൾക്കു സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി ഈടാക്കാം. മലയോര മേഖലകളിൽ മിനിമം ചാർജ് 60 രൂപയായിരിക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം അധികമായി ഈടാക്കാം.

2013 ഓഗസ്റ്റ് 25, 2014 ഒക്ടോബർ 16 എന്നീ തീയതികളിൽ തമിഴ്‌നാട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച മുൻകാല വിജ്ഞാപനങ്ങളെ റദ്ദാക്കിയാണ് പുതിയ ഉത്തരവ് നിലവിൽ വന്നിരിക്കുന്നത്. സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി എ. കാർത്തിക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, ആവിൻ നെയ്യ്, വെണ്ണ, തൈര്, പാല് കൊണ്ടുള്ള മധുരപലഹാരങ്ങൾ എന്നിവയുടെ വില സർക്കാർ വർധിപ്പിച്ചിരുന്നു. 100 മില്ലി ആവിൻ നെയ്യുടെ വില 80 രൂപയിൽനിന്ന് 95 രൂപയായും 200 മില്ലി നെയ്യുടെ വില 160 രൂപയിൽനിന്ന് 180 രൂപയായുമായാണ് ഉയർത്തിയത്. അസംസ്‌കൃത വസ്തുക്കളുടെയും ഉൽപാദനത്തിന്റെയും ചെലവ് വർധിച്ചതാണ് ഇതിന് കാരണമായി പറഞ്ഞത്.