ലഹരിപ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പലവട്ടം ഹരജി നൽകിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
മുംബൈ ലഹരിക്കേസിൽ ആര്യൻ ഖാന്റെ സുഹൃത്തുക്കളായ അർബാസ് മർച്ചൻറിനും മുൻ മുൻ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻസിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. എന്നാൽ തെളിവൊന്നും കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ വാദിച്ചു.