ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഒക്ടോബർ 20ന്

 

മുംബൈ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഒക്ടോബർ 20ന് പുറപ്പെടുവിക്കും. ഒക്ടോബർ 20 വരെ ആര്യൻ ഖാൻ ജയിലിൽ തുടരും. കേസിലെ ജാമ്യഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്.

ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടയിലാണ് ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും പിടിയിലായത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ ഒക്‌ടോബർഎട്ടിന് മുംബൈ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.എം നേർളികർ തള്ളിയിരുന്നു. ഇവർക്ക് ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ആര്യൻ ഖാനും മറ്റ് പ്രതികളും നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്.

ആര്യൻ ഖാന് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വാദിച്ചിരുന്നു. ആര്യൻ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെസ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു എൻ.സി.ബി വാദം. ‘അവർ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളാണ്… തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്.’ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞു.