വൈദ്യുതമേഖലയിലേക്ക് ചൈനയില്‍ നിന്നുളള ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തും: കേന്ദ്ര വൈദ്യുതി മന്ത്രി

കേന്ദ്രസര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതുവരെ വൈദ്യുതമേഖലയിലേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി കേന്ദ്രവൈദ്യുതിമന്ത്രി ആര്‍ കെ സിംഗ്. വൈദ്യുതി ഉല്‍പ്പാദനം, വിതരണം മുതലായവയ്ക്കായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കാണ് ഇന്ത്യ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യ- ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ ട്രോജന്‍ കുതിരകള്‍ക്ക് സമാനമായ ഫലമുണ്ടാക്കിയേക്കുമെന്ന സംശയത്താലാണ് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വൈദ്യുതമേഖലയെയാകെ പ്രതിസന്ധിയിലാക്കാന്‍ ചൈന നീക്കം നടത്താതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിരോധനം.

2018-19 വര്‍ഷത്തില്‍ 71,000 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇന്ത്യ വൈദ്യുതമേഖലയ്ക്ക വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇതില്‍ 21,000 കോടി രൂപയുടെ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും മാത്രം ഇറക്കുമതി ചെയ്തവയാണ്. ഇന്ത്യയുടെ അതിര്‍ത്തി കൈയ്യേറാന്‍ ശ്രമിക്കുന്ന, രാജ്യത്തിന്റെ ധീര ജവാന്മാരെ ആക്രമിക്കുന്ന, ഒരു രാജ്യത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് ഔചിത്യമില്ലാത്ത പ്രവര്‍ത്തിയാണെന്ന് ആര്‍ കെ സിംഗ് സംസ്ഥാന വൈദ്യുതി മന്ത്രിമാരുമായി നടത്തിയ കോണ്‍ഫറന്‍സില്‍ സൂചിപ്പിച്ചു. മീറ്ററുകള്‍, കണ്ടക്ടറുകള്‍, ടവര്‍ പാര്‍ട്‌സുകള്‍ മുതലായവ ചൈന, പാക്കിസ്ഥാന്‍ മുതലായ രാജ്യങ്ങളില്‍ നിന്നും വാങ്ങി ആ രാജ്യങ്ങളുടെ സമ്പത്ത് ഘടന വളര്‍ത്തരുതെന്നും സിംഗ് മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.

വിദേശരാജ്യങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദന, വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനുദ്ദേശിക്കുന്ന കമ്പനികള്‍ ഇനി മുതല്‍ സര്‍ക്കാറില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും വൈദ്യുതി മന്ത്രാലയം ഒരു ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മാല്‍വെയറുകളല്ലെന്ന് സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമേ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.